ഭക്ഷ്യ സംസ്കരണത്തിന് പുത്തൻ സാധ്യതകൾ…
മൂല്യ വർധിത കാർഷിക, അനുബന്ധ സംരംഭങ്ങളിൽക്കൂടി മാത്രമേ കേരളത്തിലെ പ്രാഥമിക രംഗത്തെ സാമ്പത്തിക വളർച്ച കൂട്ടാനാകൂ എന്നാണു സമീപകാലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.ഇന്ത്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിനു പുതുതായി കൃഷി സ്ഥലങ്ങൾ കണ്ടെത്താൻ സാധിക്കുകയില്ല. സുഭിക്ഷ കേരളം പോലുള്ള പദ്ധതികൾ സാധാരണക്കാരുടെ ഇടയിൽ ഒരു പുത്തൻ ഉണർവ് വരുത്തിയിട്ടുണ്ടെങ്കിൽ പോലും.
നാണ്യവിളകളിലും മറ്റും വരുന്ന കമ്പോള നിരക്കു വ്യതിയാനങ്ങളിൽ പിടിച്ചുനിൽക്കാൻ കർഷകർ ബുദ്ധിമുട്ടുന്ന ഈ കാലഘട്ടത്തിൽ മൂല്യ വർധന വരുത്തിയാൽ മാത്രമേ കാർഷിക മേഖലയ്ക്കു മുന്നേറുവാൻ സാധിക്കുകയുള്ളൂ. മൂല്യ വർധന വരുത്തിയാൽ ഉണ്ടാക്കാവുന്ന മുന്നേറ്റത്തിന് നമ്മുടെ സംസ്ഥാനത്തു നല്ല ഉദാഹരണങ്ങൾ ഉണ്ട്. കർഷകർ നേരിട്ട് മൂല്യവർധനശൃംഖലയിൽ പങ്കാളികളായി വിപണി കൈയടക്കാൻ സാധിച്ചാൽ ലാഭത്തിന്റെ നല്ലൊരു വിഹിതം ഉൽപാദകർക്കു തന്നെ ലഭിക്കും.സംസ്ഥാന സർക്കാർ എല്ലാ വർഷവും നടത്തുന്ന ‘വൈഗ’ (വാല്യൂ അഡിഷൻ ഫോർ ഇൻകം ജനറേഷൻ ഇൻ അഗ്രികൾച്ചർ) എന്ന ഉദ്യമത്തിന്റെയും ഉദ്ദേശ്യം ഇതുതന്നെ.
കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം രൂപം കൊടുത്ത ‘പ്രധാനമന്ത്രി എഫ്എംഇ (ഫോർമലൈസേഷൻ ഓഫ് മൈക്രോ എന്റർപ്രൈസസ്) പദ്ധതിക്ക് പ്രത്യേക പ്രസക്തി ഉണ്ട്. ഏറ്റവും ചെറിയ, സൂക്ഷ്മ സംരംഭങ്ങൾക്കാണ് ഇതുവഴി പ്രോത്സാഹനം ലഭിക്കുക. രാജ്യത്താകമാനം 2 ലക്ഷം സംരംഭങ്ങളെ വളർത്തുക എന്നതാണു ലക്‌ഷ്യം. അഞ്ചു വർഷത്തേക്ക് 10,000 കോടി രൂപയാണ് ഇതിന്റെ നീക്കിയിരിപ്പ്.