പ്രതീക്ഷ നൽകുന്ന ആദ്യ ബൈഡൻ മാസം…
ഒരുമാസം മുൻപ് അധികാരമേൽക്കുമ്പോൾ, യുഎസിൽ പ്രസിഡന്റാകുന്ന ഏറ്റവും പ്രായമേറിയ വ്യക്തി മാത്രമായിരുന്നില്ല ജോ ബൈഡൻ. ഫ്രാങ്ക്ലിൻ ഡി.റൂസ്‌വെൽറ്റിനു ശേഷം ഇത്രയേറെ കടുത്ത ആഭ്യന്തര പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്ന മറ്റൊരു യുഎസ് പ്രസിഡന്റും ചരിത്രത്തിലില്ല.
അമേരിക്കയിൽ 5 ലക്ഷത്തോളം പേരുടെ ജീവനെടുത്ത കോവിഡിനെ നിയന്ത്രിക്കുക എന്നതു തന്നെയാണ് ബൈഡനു നേരിടാനുള്ള ആദ്യ വെല്ലുവിളി. വാക്സിനേഷൻ വ്യാപകമാക്കുക എന്നതും സമ്പദ്‌വ്യവസ്ഥയെ പതനത്തിൽനിന്നു കരകയറ്റുക എന്നതും മുഖ്യം. കാലാവസ്ഥാവ്യതിയാനത്തിന്റെ വെല്ലുവിളികൾ, ഡോണൾഡ് ട്രംപിന്റെ ഭരണശേഷം ആഴത്തിൽ വേരോടിയ ഭിന്നത, വർണവിവേചനം, തീവ്ര വലതു ചിന്താഗതിക്കാരുടെ അക്രമങ്ങൾ… ആഭ്യന്തര തലവേദനകൾ ഏറെയാണ്.
രാജ്യാന്തര തലത്തിലാകട്ടെ, അമേരിക്കയുടെ നേതൃത്വത്തിൽ ലോകരാജ്യങ്ങൾക്കുള്ള വിശ്വാസം പുനഃസ്ഥാപിക്കേണ്ടതുണ്ട്. സഖ്യകക്ഷി ബന്ധങ്ങൾ പുനർനിർമിക്കണം. രാജ്യാന്തര സ്ഥാപനങ്ങളെ കർമോന്മുഖമാക്കണം. എല്ലാറ്റിലും ഉപരിയായി ചൈന ഉയർത്തുന്ന വെല്ലുവിളികൾ പ്രതിരോധിക്കുകയും വേണം.