എൽഡിഎഫിൽ ആദ്യഘട്ട സീറ്റ് ചർച്ച; 15 സീറ്റ് ചോദിച്ച് കേരള കോൺഗ്രസ്…
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റ് വേണം എന്ന് ഉഭയകക്ഷി ചർച്ചയിൽ സിപിഎമ്മിനോട് കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ യുഡിഎഫ് കേരള കോൺഗ്രസിനു നൽകിയ സീറ്റുകളുടെ എണ്ണമാണ് ഇത്.
എന്നാൽ, സിപിഎം ഇതിനു വഴങ്ങിയില്ല. ഏതു സാഹചര്യത്തിലും 13 സീറ്റ് വേണം എന്നാണു കേരള കോൺഗ്രസ് നിലപാട്. അക്കാര്യത്തിലും സിപിഎം സമ്മതം മൂളിയിട്ടില്ല. പുതിയ ഘടകകക്ഷിയുടെ ആവശ്യം എന്ന നിലയിൽ സിപിഐയുമായി കൂടി സംസാരിച്ച ശേഷം വീണ്ടും ചർച്ച നടത്താമെന്ന ധാരണയിൽ പിരിഞ്ഞു.
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി, ഹൈപവർ കമ്മിറ്റി അംഗം റോഷി അഗസ്റ്റിൻ എംഎൽഎ, ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്, പ്രമോദ് നാരായണൻ എന്നിവരാണ് എകെജി സെന്ററിലെത്തി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും കണ്ടത്.